എറിക് ടെൻ ഹാഗിന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് അയാക്സ്
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്ന എറിക് ടെൻ ഹാഗിന്റെ പിൻഗാമിയായി ബ്രൂഷ് മാനേജർ ആൽഫ്രഡ് ഷ്രൂഡറെ പരിശീലകനായി പ്രഖ്യാപിച്ച് ഡച്ച് ക്ലബായ അയാക്സ്. ബാഴ്സലോണയിലും അയാക്സിലും അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ച മുൻ പരിചയവുമായാണ് ആൽഫ്രഡ് ടീമിലേക്ക് എത്തുന്നത്.
2018-19 സീസണിൽ ടെൻ ഹാഗിന്റെ അസിസ്റ്റന്റായും പുതിയ പരിശീലകൻ സ്ഥാനംവഹിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ബെൽജിയം ക്ലബായ ബ്രൂഷിന്റെ മുഖ്യ പരിശീലക സ്ഥാനം ആൽഫ്രഡ് ഷ്രൂഡെർ ഏറ്റെടുക്കുന്നത്. അയാക്സുമായി രണ്ട് വർഷത്തെ കരാറിലാണ് പരിശീലകൻ ഒപ്പുവെച്ചിരിക്കുന്നത്.
2009-ൽ ഫുട്ബോളിൽ നിന്നും വിരമിച്ച ആൽഫ്രഡ് ഷ്രൂഡെർ എഫ്സി ട്വന്റി, ഹോഫെൻഹൈം എന്നീ ടീമുകളെ പരിശീലിപ്പിക്കുകയും വിറ്റെസെ, അയാക്സ്, ബാഴ്സലോണ എന്നിവിടങ്ങളിൽ സഹ പരിശീലകനായുമാണ് പ്രവർത്തിച്ചിരിക്കുന്നത്. ഈ സീസണിലെ ഡച്ച് കിരീടം നേടികൊടുത്താണ് അയാക്സുമായി എറിക് ടെൻ ഹാഗ് പിരിയുന്നത്. വരും സീസണിൽ ഡച്ച് കിരീടം ആൽഫ്രഡ് ഷ്രൂഡെറിലൂടെ നിലനിർത്താനാവുമെന്നാണ് ക്ലബിന്റെ പ്രതീക്ഷ.






































