രാജസ്ഥാനെ 8 വിക്കറ്റിന് കീഴടക്കി ഡൽഹി, പ്ലേഓഫിലെത്താന്‍ സഞ്ജുവിന് കാത്തിരിക്കണം
ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സിനെതിരെ എട്ട് വിക്കറ്റിന്റെ കിടിലൻ ജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. രാജസ്ഥാന് മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ടിൽ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു.
ജയത്തോടെ ക്യാപിറ്റൽസ് പ്ലേഓഫ് സാധ്യതകളിലേക്ക് അടുത്തപ്പോൾ പ്ലേഓഫിലെത്താന്‍ രാജസ്ഥാന് കാത്തിരിക്കണം. 161 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഡൽഹിക്ക് തിരിച്ചടിയോടെയായിരുന്നു തുടക്കം. ട്രെന്റ് ബോള്‍ട്ടിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ റണ്ണൊന്നും എടുക്കാതെ ശ്രീകര്‍ ഭരത് കൂടാരം കയറി. എന്നാൽ അവിടുന്ന് രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറും മിച്ചല്‍ മാര്‍ഷും ചേർന്ന് രക്ഷാദൌത്യം ഏറ്റെടുക്കുകയായിരുന്നു.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 144 റൺസാണ് അടിച്ചെടുത്തത്. ഭരത് പുറത്തായതൊന്നും ഡല്‍ഹിയെ ബാധിക്കാത്ത തരത്തിലായിരുന്നു ഓസീസ് സഹതാരങ്ങളുടെ പ്രകടനം. വാര്‍ണർ 41 പന്തില്‍ 52 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ മാർഷ് 62 പന്തില്‍ 89 റൺസാണ് അടിച്ചെടുത്തത്. 18-ാം ഓവറിലെ ആദ്യ പന്തില്‍ ചാഹല്‍ മാർഷിനെ പുറത്താക്കിയെങ്കിലും ഡൽഹി അപ്പോഴേക്കും വിജയത്തിലേക്ക് അടുത്തിരുന്നു. 4 പന്തില്‍ 13 റൺസടിച്ച് നായകനാണ് ഡൽഹിയെ വിജയത്തിലേക്ക് എത്തിച്ചത്.