ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ കോലിക്ക് വിശ്രമം അനുവദിച്ചേക്കും
ഐപിഎൽ പതിനഞ്ചാം സീസണിന് ശേഷം ജൂൺ ഒമ്പതിന് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് വാർത്തകൾ. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി ഫോം വീണ്ടെടുക്കാനാണ് കോലിക്ക് വിശ്രമം നൽകുന്നത്.
ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷൻ കമ്മിറ്റിയാണ് ക്രിക്കറ്റിൽ നിന്നും ഇടവേള എടുക്കാൻ വിരാട് കോലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോഹ്ലിക്കൊപ്പം ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങൾക്കും ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കോലിയെയും മറ്റ് സീനിയർ താരങ്ങളെയും സംബന്ധിച്ച നയപരമായ തീരുമാനമാണ് അവർക്ക് ഇടയ്ക്കിടെ ഇടവേളകൾ നൽകുന്നത്.
മാത്രമല്ല അടുത്തിടെയായി മോശം ഫോം തുടരുന്ന വിരാട് കോലിക്ക് വിശ്രമം ആവശ്യമായി വന്ന സാഹചര്യവും ദേശീയ സെലക്ഷൻ കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിട്ടും താരത്തിന് ഫോം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.






































