ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ നിന്നും രവീന്ദ്ര ജഡേജ പുറത്ത്?
പരിക്കുമൂലം ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ നിന്നും ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുറത്തായേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായക സ്ഥാനം അടുത്തിടെ എംഎസ് ധോണിക്ക് കൈമാറിയിരുന്നു.
അടുത്തിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (ആർസിബി) നടന്ന മത്സരത്തിൽ ഫീൽഡിംഗിനിടെയാണ് രവീന്ദ്ര ജഡേജയ്ക്ക് പരിക്കേൽക്കുന്നത്. ജഡേജ ഫീൽഡിംഗ് തുടർന്നുവെങ്കിലും, ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ജഡേജ കളിച്ചിരുന്നില്ല. ഈ സീസണിൽ മോശം ഫോം തുടരുന്ന താരം 10 മത്സരങ്ങളിൽ നിന്ന് 116 റൺസും അഞ്ച് വിക്കറ്റും മാത്രമാണ് നേടിയത്.
ഐപിഎല്ലിൽ 210 മത്സരങ്ങൾ കളിച്ചിട്ടുള്ള രവീന്ദ്ര ജഡേജ 26.62 ശരാശരിയിൽ 2502 റൺസ് നേടിയിട്ടുണ്ട്. 127.65 സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന താരം രണ്ട് അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. 7.61 എന്ന എക്കോണമി റേറ്റിൽ 132 വിക്കറ്റുകളാണ് ജഡേജയുടെ സമ്പാദ്യം. മെയ് 12 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ സിഎസ്കെയുടെ അടുത്ത മത്സരം.