ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിന്റെ എതിരാളി രാജസ്ഥാൻ റോയൽസ്
ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിന്റെ എതിരാളി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള റോയൽസിന് പ്ലേഓഫിലേക്ക് എത്താൻ ഒരുപടികൂടി അടുക്കാൻ കിട്ടുന്ന അവസരമാണിന്ന്. അത്ര സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന ഡൽഹിയെ നിസാരക്കാരായ കണ്ടാൽ നിരാശപ്പെടേണ്ടി വരും.
ഡൽഹിക്ക് പ്ലേഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. ഇന്നത്തെ മാത്രമല്ല വരാനിരിക്കുന്ന മൂന്നു കളികളിലും ജയം കണ്ടാൽ മാത്രമേ പ്ലേഓഫിലേക്ക് എത്താനാവൂ. മുംബൈയോടും കൊൽക്കത്തയോടും അപ്രതീക്ഷിതമായി പരാജയപ്പെട്ടുവെങ്കിലും കഴിഢ്ഢ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് റോയൽസ് വിജയ വഴിയിൽ എത്തിയിരുന്നു.
ഈ സീസണിൽ ഇതുവരെ കളിച്ച 11 മത്സരങ്ങളിൽ മൂന്ന് വിദേശ താരങ്ങളെ മാത്രം ഇറക്കിയാണ് കളിപ്പിച്ചിരിക്കുന്നത്. ഷിംറോൺ ഹെറ്റ്‌മെയർ വെസ്റ്റ് ഇൻഡീസിലേക്ക് മടങ്ങിയതിനാൽ രാജസ്ഥാന് തിരിച്ചടിയായേക്കും. എങ്കിലും വിൻഡീസ് താരത്തിന്റെ അഭാവത്തിൽ റാസി വാൻ ഡെർ ഡസനെയോ ജിമ്മി നീഷാമിനോ ഇന്നു നറക്കുവീണേക്കാം.
ഇരുടീമുകൾക്കും ശക്തമായ പേസ് ആക്രമണമുണ്ടെങ്കിലും ഈ സീസണിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടു. അതേസമയം രാജസ്ഥാൻ റോയൽസിന്റെയും ഡൽഹി ക്യാപിറ്റൽസിന്റെയും സ്പിൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിയുന്നത് ആശ്വാസകരമാണ്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തിൽ റോയൽസ് ഡൽഹിയെ 15 റൺസിന് തോൽപിച്ചിരുന്നു.