ലഖ്‌നൗവിനെ എറിഞ്ഞു വീഴ്ത്തി, പ്ലേഓഫിലേക്ക് ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നു നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയിന്‍റ്‌സിനെ 62 റണ്‍സിന് കീഴടക്കിയാണ് ഹാർദിക് പാണ്ഡ്യയും സംഘവും പ്ലേഓഫിന് യോഗ്യത നേടിയത്.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങി ഗുജറാത്ത് ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ 13.5 ഓവറില്‍ 82 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ചെറിയ സ്കോർ ആയിരുന്നെങ്കിലും പിച്ചിന്റെ സ്വഭാവം ബോളർമാരെ സഹായിക്കുന്നതായിരുന്നു. ടൈറ്റൻസ് ഉയർത്തിയ താരതമ്യേന ചെറിയ സ്കോർ പിന്തുടർന്നിറങ്ങിയ സൂപ്പർ ജയിന്റ്സിന്റെ ബാറ്റ്സ്മാൻമാർ അതിവേഗം ഗ്യാലറിയിൽ എത്തുന്ന കാഴ്ച്ചയാണ് കാണാനായത്.
ക്വിന്റൺ ഡി കോക്ക് (11), നായകൻ കെഎൽ രാഹുൽ (8), കരൺ ശർമ (4), ക്രുനാൽ പാണ്ഡ്യ (5) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ ലഖ്‌നൗ സൂപ്പര്‍ ജയിന്‍റ്‌സ് 45-4 എന്ന നിലയിലേക്ക് വീണു. 27 റൺസെടുത്ത ദീപക് ഹൂഡ മാത്രമാണ് പിടിച്ചുനിന്നത്. പിന്നാലെ എത്തിയവർക്കും കാര്യമായി ഒന്നും ചെയ്യാനാവാഞ്ഞതോടെ ലഖ്‌നൗ 82 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ നാലും സായ് കിഷോർ യഷ് ദയാലും രണ്ട് വീതവും വിക്കറ്റ് നേടി. ഇന്നത്തെ ജയത്തോടെ 18 പോയിന്റുമായി ഹാർദിക്കും സംഘവും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 16 പോയിന്റുള്ള ലഖ്‌നൗവാണ് രണ്ടാമത്.