ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 145 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമിനെ നിശ്ചയിക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 145 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസിന്റെ തുടക്കം വളരെ പതിയെയായിരുന്നു.
11 പന്തിൽ 5 റൺസെടുത്ത വൃദ്ധിമാൻ സാഹയ്ക്ക് പോയ മത്സരങ്ങളിലേതു പോലെ തിളങ്ങാനായില്ല. താളം കണ്ടെത്തുന്നതിനു മുമ്പേ മൊസിൻ ഖാൻ താരത്തിനെ പുറത്താക്കി. ഒരുവശത്ത് ശുഭ്മാൻ ഗിൽ നങ്കൂരമിട്ടെങ്കിലും സ്കോർ ചലിച്ചതേയില്ല. 7 പന്തിൽ 10 റൺസെടുത്ത മാത്യു വെയിഡും 11 റൺസുമായി നായകൻ ഹാർദിക് പാണ്ഡ്യയും കൂടാരം കയറിയതോടെ 51-3 എന്ന നിലയിലേക്ക് ടൈറ്റൻസ് ചുരുങ്ങി.
പിന്നീട് ഗില്ലും ഡേവിഡ് മില്ലറും സ്കോർ മുന്നോട്ടു നീക്കി. 16-ാം ഓവറിൽ 26 റൺസെടുത്ത് മില്ലറും പുറത്തായപ്പോൾ ഗുജറാത്തിന്റെ തുറുപ്പുചീട്ടായ രാഹുൽ തെവാട്ടിയ അവസാന ഓവറുകളിൽ ഗില്ലിനെ കൂട്ടുപിടിച്ചാണ് ടീമിനെ 140 കടത്തിയത്. പുറത്താവാതെ ഗുഭ്മാൻ ഗിൽ 63 റൺസടിച്ചപ്പോൾ തെവാട്ടിയ 22 റൺസുമെടുത്തു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി ആവേശ് ഖാൻ രണ്ടും മൊസിൻ ഖാൻ ജേസൺ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റും നേടി.