നെതർലൻഡ്സ്, പാകിസ്ഥാൻ പര്യടനത്തിനായുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ച് വിൻഡീസ്
നെതർലൻഡ്സ്, പാകിസ്ഥാൻ പര്യടനത്തിനായുള്ള 15 അംഗ ഏകദിന ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. ഓരോ രാജ്യങ്ങളിലും മൂന്ന് ഏകദിനങ്ങൾ കളിക്കാനാണ് വിൻഡീസ് തയാറെടുക്കുന്നത്. രണ്ട് പരമ്പരകളും ഐസിസി ഏകദിന സൂപ്പർ ലീഗിന്റെ ഭാഗമാകും എന്നതാണ് പ്രത്യേകത.
വെസ്റ്റ് ഇൻഡീസും നെതർലാൻഡും പരസ്പരം ഉഭയകക്ഷി പരമ്പര കളിക്കുന്നത് ഇതാദ്യമായാണ്. നെതർലൻഡ്സിനെതിരായ മൂന്ന് ഏകദിനങ്ങൾ യഥാക്രമം മെയ് 31, ജൂൺ 2, 4 തീയതികളിൽ നടക്കും. തുടർന്ന് നെതർലൻഡ്സ് പരമ്പരയ്ക്ക് ശേഷം പാകിസ്ഥാനിൽ പിണ്ടി സ്റ്റേഡിയത്തിൽ ജൂൺ 8 മുതൽ 12 വരെയാണ് മൂന്ന് ഏകദിനങ്ങൾ നടക്കുക.
കീറോൺ പൊള്ളാർഡ് അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനാൽ മുഴുവൻ സമയ ക്യാപ്റ്റനെന്ന നിലയിൽ നിക്കോളാസ് പുരാന്റെ ആദ്യ പരമ്പരയാകുമിത്. നിലവിൽ തകർപ്പൻ ഫോമിലുള്ള ജേസൺ ഹോൾഡറാവും പരമ്പരകളിലെ ശ്രദ്ധേയ താരം. ഫാസ്റ്റ് ബോളർമാരായ ജെയ്ഡൻ സീൽസ്, ഷെർമോൺ ലൂയിസ്, സ്പെഷ്യലിസ്റ്റ് ബാറ്റർ കീസി കാർട്ടി എന്നീ പുതുമുഖ താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപനം.
വെസ്റ്റ് ഇൻഡീസ് ഏകദിന ടീം: നിക്കോളാസ് പുരാൻ (ക്യാപ്റ്റൻ), ഷായ് ഹോപ്പ് (വൈസ് ക്യാപ്റ്റൻ), എൻക്രുമ ബോണർ, ഷമർ ബ്രൂക്ക്സ്, കീസി കാർട്ടി, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, ഷെർമോൺ ലൂയിസ്, കൈൽ മേയേഴ്സ്, ആൻഡേഴ്സൺ ഫിലിപ്പ്, ജാ റോവ്മാൻ പവൽസ് , റൊമാരിയോ ഷെപ്പേർഡ്, ഹെയ്ഡൻ വാൽഷ് ജൂനിയർ.






































