പരിക്ക് വില്ലനായി, സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും സൂര്യകുമാർ യാദവ് പുറത്ത്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം സീസണിൽ നിന്നും പരിക്കേറ്റ് പുറത്തായി സൂര്യകുമാർ യാദവ്. മെയ് ആറിന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് യാദവിന് ഇടത് കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റത്.
ഈ വർഷം എട്ട് മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് മൂന്ന് അർധ സെഞ്ചുറികളോടെ 43.29 ശരാശരിയിൽ 303 റൺസ് നേടിയിട്ടുണ്ട്. ഈ വർഷം എട്ട് തോൽവികളുമായി പ്ലേഓഫ് കാണാതെ പുറത്തായ മുംബൈക്ക് താരത്തിന്റെ അസാന്നിധ്യത്തിൽ കാര്യമായ നഷ്ടങ്ങളൊന്നുമില്ല. എങ്കിലും വരും മത്സരങ്ങളിൽ ജയത്തോടെ മടങ്ങാനുള്ള പ്രതീക്ഷകൾക്ക് ഇത് തിരിച്ചടിയായേക്കും.
ഐപിഎൽ ആരംഭിക്കുന്നതിന് മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടർന്നും സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും സൂര്യകുമാർ യാദവ് വിട്ടുനിന്നിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ, പേസർ ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് എന്നിവരോടൊപ്പം മുംബൈയുടെ ലേലത്തിന് മുമ്പായി ടീമിൽ നിലനിർത്തിയവരിൽ ഒരാളായിരുന്നു യാദവ്.