സിറ്റി കുപ്പായത്തിലേക്ക് എർലിംഗ് ഹാലൻഡ്, കരാർ ഒപ്പുവെച്ചതായി റിപ്പോർട്ട്
ബൊറൂസിയ ഡോർട്ട്മുണ്ട് താരം എർലിംഗ് ഹാലൻഡിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയതായി വാർത്തകൾ. യുവ സ്ര്ടൈക്കറുമായി നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം കരാർ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ആഴ്ച്ചയിൽ ഉണ്ടാകുമെന്നും അത്ലറ്റിക് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പേർട്ടു ചെയ്തിട്ടുണ്ട്.
റയൽ മാഡ്രിഡ്, ബാഴ്സലോണ, പിഎസ്ജി തുടങ്ങിയ വമ്പൻമാരെല്ലാം ഹാലൻഡിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നെങ്കിലും നോർവേ താരം പെപ് ഗ്വാർഡിയോളയുടെ സിറ്റിയിലേക്ക് എത്താനാണ് സന്നദ്ധത പ്രകടിപ്പിച്ചത്. പ്രീമിയർ ലീഗ് ജേതാക്കളും താരവും തമ്മിലുള്ള പ്രാഥമിക ചർച്ചകളെല്ലാം പോയ മാസം പൂർത്തിയാക്കിയിരുന്നു.
നോട്ടിംഗ്ഹാം ഫോറസ്റ്റ്, ലീഡ്സ് യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്കായി കളിച്ചിട്ടുള്ള മിഡ്ഫീൽഡർ ആൽഫ്-ഇംഗെ ഹാലൻഡിന്റെ മകനാണ് എർലിംഗ് ഹാലൻഡ്. 2020 ജനുവരിയിൽ ഡോർട്ട്മുണ്ടിൽ ചേരുന്നതിന് മുമ്പ് ഓസ്ട്രിയയുടെ റെഡ് ബുൾ സാൽസ്ബർഗിനൊപ്പം തകർപ്പൻ പ്രകടനങ്ങളാണ് താരം കാഴ്ച്ചവെച്ചത്. പിന്നീട് ജർമൻ ക്ലബിൽ എത്തിയതോടെ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കറായി പേരെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.