ഗുജറാത്തിനെയും കീഴടക്കി, മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം ജയം
ഐപിഎൽ പതിനഞ്ചാം സീസണിലെ ഏറ്റവും കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെയും മുട്ടുകുത്തിച്ച് രണ്ടാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രേഹിത് ശർമയും സംഘവും ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹാർദിക് പാണ്ഡ്യയ്ക്കും സംഘത്തിനും നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രമാണ് എടുക്കാൻ കഴിഞ്ഞത്.
മുംബൈ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും ചേർന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 106 റൺസാണ് കൂട്ടിച്ചേർത്തത്. 36 പന്തിൽ 52 റൺസെടുത്ത ഗില്ലിനെ 12-ാം ഓവറിലെ ആദ്യ ബോളിൽ മുരുഗൻ അശ്വിൻ പുറത്താക്കി ബ്രേക്ക് ത്രൂ നൽകി. അതേ ഓവറിന്റെ അവസാന പന്തിൽ 40 പന്തിൽ 55 റൺസെടുത്തു നിന്നിരുന്ന സാഹയെയും മടക്കി അശ്വിൻ വീണ്ടും ഞെട്ടിച്ചു.
പിന്നാലെ എത്തിയ പാണ്ഡ്യയും (24) സായ് സുധർശനും (14) ചേർന്ന് സ്കോർ മുന്നോട്ടു നീക്കിയെങ്കലും പിന്നാലെയെത്തിയവർ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. പാണ്ഡ്യ റണ്ണൊട്ടായതാണ് വഴിതിരിവായത്. എന്നത്തെയും രക്ഷകരായ ഡേവിഡ് മില്ലറിന്റെ സ്കോറിംഗിന്റെ വേഗത കുറവായിരുന്നതും ഗുജറാത്തിന് നഷ്ടമായി. അവസാന പ്രതീക്ഷയായിരുന്ന രാഹുൽ തെവാട്ടിയയും റണ്ണൊട്ടായതോടെ പ്രതീക്ഷകൾ എല്ലാം നഷ്ടമാവുകയായിരുന്നു. പുറത്താവാതെ മില്ലർ (19) ഒരുവശത്ത് നിലയുറപ്പിച്ചെങ്കിലും അവസാന ഓവറുകളിൽ ഡാനിയൽ സാംസ് ഗുജറാത്തിനെ വിരിഞ്ഞുമുറുക്കുകയായിരുന്നു.