ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗ് കോച്ചായി ആന്റൺ റൂക്‌സിനെ നിയമിച്ചു
ആന്റൺ റൂക്‌സിനെ ഫീൽഡിംഗ് കോച്ചായി നിയമിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കക്കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും നിരവധി ലിസ്റ്റ്-എ ഗെയിമുകളിലും റൂക്‌സ് കളിച്ചിട്ടുണ്ട്.
അമേരിക്കയിൽ ജനിച്ച ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം 2013 മുതൽ 2016 വരെ നെതർലാൻഡ്‌സ് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ നോട്ടിംഗ്ഹാംഷെയർ കൗണ്ടിയുടെ അസിസ്റ്റന്റ് ഫീൽഡിംഗ് കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ന്യൂസിലൻഡ് ആഭ്യന്തര ക്രിക്കറ്റിൽ ഒട്ടാഗോയുടെ അസിസ്റ്റന്റ് കോച്ചാണ് ആന്റൺ റൂക്‌സ്.
ഈ അനുഭവങ്ങളെല്ലാം കണക്കിലെടുത്താണ് ശ്രീലങ്കൻ ക്രിക്കറ്റ് അവരുടെ ദേശീയ ടീമിന്റെ ഫീൽഡിംഗ് പ്രകടനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി റൂക്‌സിനെ ടീമിലെത്തിച്ചിരിക്കുന്നത്.






































