കേരളത്തിന്റെ കപിൽദേവ്
കേരളത്തിനു വേണ്ടി രഞ്ജിയിൽ കളിച്ച ശേഷം ഇന്ത്യൻ ടീമിൽ എത്തിയതായി പറയാൻ ടിനു യോഹന്നാനും ശ്രീശാന്തും പിന്നെ സഞ്ജുവും മാത്രമേ ഉള്ളൂ. ഇവർക്കെല്ലാം മുമ്പ് ഇന്ത്യൻ ടീമിൽ എത്തും എന്ന് കരുതപ്പെട്ടിരുന്ന കളിക്കാരനാണ് അനന്തപത്മനാഭൻ. കുംബ്ലെയുടെ സമകാലീനനായിരുന്നു എന്നതാണ് അനന്തപത്മനാഭന് വിനയായത്. എന്നാൽ ഇവരെ കൂടാതെ ഇതേ നിലവാരത്തിൽ കേരള ക്രിക്കറ്റിന് വേണ്ടി കളിച്ച ഒരു ഇടിവെട്ട് ഓൾറൗണ്ടർ ഉണ്ടായിരുന്നു . റിവേഴ്സ് സ്വിങ്ന്റെ ആശാൻ എന്നറിയപ്പെട്ട ഓൾറൗണ്ടർ . അയാളാണ് സാക്ഷാൽ സോണി ചെറുവത്തൂർ. ഒരുകാലത്ത് കേരള ക്രിക്കറ്റ് സർക്യൂട്ടിൽ കേരളത്തിന്റെ സ്വന്തം കപിൽദേവ് എന്നറിയപ്പെട്ട താരം. ശ്രീശാന്തിനു ശേഷം രഞ്ജി ട്രോഫി ഹാട്രിക്ക് നേടിയ ഏക മലയാളി കൂടിയാണ് ഇദ്ദേഹം. 2003ലാണ് സോണി ചെറുവത്തൂർ കേരളത്തിനായി രഞ്ജി അരങ്ങേറുന്നത്. അതിനുശേഷം സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ സെലക്ടർമാരുടെ ശ്രദ്ധ ആകർഷിച്ചു എങ്കിലും ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് എത്തിച്ചേരുവാൻ സാധിച്ചില്ല. ഒരു പക്ഷേ അദ്ദേഹം കളിച്ച കാലത്ത് ഐപിഎൽ പോലെ ഒരു ടൂർണമെന്റ് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹം ഇന്ത്യൻ ടീമിനുവേണ്ടി കളിക്കുമായിരുന്നു. കരിയറിലെ അവസാന കാലത്ത് അദ്ദേഹത്തെ വലച്ച പരിക്കുകൾ മൂലം കേവലം 34 വയസ്സ് വരെ മാത്രമേ അദ്ദേഹത്തിന് കേരളത്തിനായി കളിക്കാൻ സാധിച്ചുള്ളൂ. ഇപ്പോൾ കേരളത്തിലും ദുബായിലും ആയി ക്രിക്കറ്റ് അക്കാദമി നടത്തുകയാണ് അദ്ദേഹം. ഇടക്കാലത്ത് കേരള രഞ്ജി ടീം കോച്ചായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞ ഏദൻ ആപ്പിൾ ടോം അദ്ദേഹത്തിന്റെ പ്രിയശിഷ്യൻ ആണ്. പതിനാറാം വയസ്സിൽ രഞ്ജിട്രോഫി അരങ്ങേറ്റം നടത്തി നാല് വിക്കറ്റ് വീഴ്ത്തിയ താരമാണ് ഏദൻ. ഏദനെ കൂടാതെ കേരള ക്രിക്കറ്റിലെ ഭാവി വാഗ്ദാനങ്ങളായി അറിയപ്പെടുന്ന അർബാസും ആകാശ് ദേവരാജനുമെല്ലാം അദ്ദേഹത്തിന്റെ പ്രിയ ശിഷ്യരാണ് . അതായത് ഇന്ന്കേരള ക്രിക്കറ്റിലെ കിംഗ് മേക്കർ ആണ് സോണി .ഇനിയുമേറെ പ്രതിഭകളെ കണ്ടെത്തി കേരള ക്രിക്കറ്റിനും ഇന്ത്യൻ ക്രിക്കറ്റിനും സമ്മാനിക്കാൻ സോണിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കാം