പുതിയ റെക്കോർഡിനരികെ ധോണി, 15 റൺസും കൂടി നേടിയാൽ ഈ പട്ടികയിൽ എത്താം
ഐപിഎല്ലിന്റെ പതിനഞ്ചാം പതിപ്പിലെ ഉദ്ഘാടന മത്സരത്തിൽ കിടിലൻ അർധ സെഞ്ചുറിയുമായി തിളങ്ങിയ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി പുതിയ റെക്കോർഡിനരികെ എത്തിയിരിക്കുകയാണ്. വരുന്ന മത്സരത്തിൽ 15 റൺസ് കൂടി നേടിയാൽ ടി20 ക്രിക്കറ്റിൽ 7000 റൺസ് ക്ലബിലേക്കാണ് ധോണി എത്തുക.
ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് ധോണി. കരിയറിൽ ഉടനീളം ലോവർ മിഡിൽ ഓർഡർ പൊസിഷനുകളിൽ ബാറ്റ് ചെയ്ത ധോണിക്ക് ഇത് വലിയ നേട്ടമായിരിക്കും.
എന്നാൽ എല്ലാ റെക്കോർഡുകളേക്കാളും താരം മുൻഗണന കൊടുക്കുന്നത് ഇന്നത്തെ മത്സരത്തിലെ ജയത്തിനു തന്നെയാകും. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ സിഎസ്കെയുടെ സൂപ്പർ ഓൾറൌണ്ടർ മൊയിൻ അലി ടീമിലെത്തുന്നതും ശ്രദ്ധേയമാകും.