റയലിന് തിരിച്ചടി, പരിശീലകൻ അഞ്ചലോട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ അഞ്ചലോട്ടിയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ശനിയാഴ്ച്ച സെൽറ്റ വിഗോയ്ക്കെതിരായ ടീമിന്റെ ലാ ലിഗ മത്സരം ഇറ്റാലിയന്‍ നഷ്ടപ്പെടും. ലക്ഷണങ്ങൾ വളരെ ലഘുവായതിനാൽ അടുത്തയാഴ്ച്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ പരിശീലകന് തിരിച്ചെത്തിയേക്കാനാവുമെന്നാണ് റിപ്പോർട്ട്.
സെൽറ്റ വിഗോയ്ക്കെതിരായ ഈ വാരാന്ത്യത്തിലെ ലീഗ് മത്സരം അഞ്ചലോട്ടിക്ക് നഷ്ടമാകുമെന്ന് ഉറപ്പാണ്. ഈ മത്സരത്തിൽ സഹപരിശീലകൻ ഡേവിഡും മകനുമായിരിക്കും റയൽ മാഡ്രിഡിനെ നയിക്കുകയെന്നാണ് വിവരം.
അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളയ്ക്ക് മുമ്പ് ബാഴ്സലോണയോട് മാഡ്രിഡ് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിനാൽ സെൽറ്റ വിഗോയ്ക്കെതിരായ മത്സരത്തിൽ വിജയിച്ച് ഫോം തിരിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ് ടീം.
വിജയമല്ലാതെ മറ്റൊന്നും സ്പാനിഷ് കിരീടപ്പോരാട്ടത്തിൽ റയൽ പ്രതീക്ഷിക്കുന്നില്ല. സെവിയ്യയ്ക്കും ബാഴ്സയ്ക്കും മുന്നിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള മാഡ്രിഡിന് ഒമ്പത് പോയിന്റ് ലീഡുണ്ട് നിലവിൽ.