വനിതാ ഏകദിന റാങ്കിംഗിൽ അലിസ ഹീലിയെ പിന്തള്ളി ലോറ വോൾവാർഡ് ഒന്നാമത്
ഐസിസി വനിതാ ഏകദിന റാങ്കിംഗിൽ ഓസ്ട്രേലിയയുടെ അലിസ ഹീലിയെ പിന്തള്ളി ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവാർഡ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡിൽ നടന്നുകൊണ്ടിരിക്കുന്ന വനിതാ ലോകകപ്പിലെ ടോപ് സ്കോററായ താരം ഇതുവരെ ടൂർണമെന്റിൽ നിന്നും ഏഴ് ഇന്നിംഗ്സുകളിൽ അഞ്ച് അർദ്ധ സെഞ്ചുറികൾ സ്വന്തം പേരിൽ കുറിച്ചാണ് ഗംഭീര പ്രകടനം പുറത്തെടുത്തിരിക്കുന്നത്.
ലോകകപ്പിലെ മുൻനിര വിക്കറ്റ് വേട്ടക്കാരിയായ (14) ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോൺ, ഓസ്ട്രേലിയയുടെ എല്ലിസ് പെറി എന്നിവർ യഥാക്രമം ബോളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബോളർമാരുടെ റാങ്കിംഗിൽ ഓസ്ട്രേലിയൻ താരം ജെസ് ജോനാസെൻ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മായിൽ മൂന്ന് സ്ഥാനത്തുമാണ്.
ബാറ്റ്സ്മാൻമാരുടെ പട്ടികയിലാവട്ടെ ബെത്ത് മൂണി രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ, ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗ് മൂന്നാമതും ഇംഗ്ലണ്ടിന്റെ നാറ്റ് സ്കീവർ നാലാമതുമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 68 റൺസിന് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയുടെ വെറ്ററൻ ബാറ്റിംഗ് താരം മിതാലി രാജ് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് ആറാം സ്ഥാനത്തെത്തി. സഹതാരം സ്മൃതി മന്ദാന പത്താം സ്ഥാനത്താണ്.






































