ആദ്യ ജയം ഗുജറാത്ത് ടൈറ്റൻസിന്, ലഖ്നൗവിനെ തോൽപ്പിച്ചത് 5 വിക്കറ്റിന്
ഐപിഎല്ലിലെ അരങ്ങേറ്റക്കാരുടെ മത്സരത്തിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ജയം. 159 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹാർദിക് പാണ്ഡ്യയുടെ ടീമിന് ഡേവിഡ് മില്ലറിന്റെയും രാഹുൽ തേവാട്ടിയയുടെയും തകർപ്പൻ ബാറ്റിംഗാണ് വിജയത്തിലേക്ക് എത്തിച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് വാലറ്റക്കാരുടെ മിന്നും പ്രകടനമാണ് മാന്യമായ സ്കോർ സമ്മാനിച്ചത്. മുന്നേറ്റ നിര തകർന്നടിഞ്ഞപ്പോൾ അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ദീപക് ഹൂഡയും ആയുഷ് ബഡോനിയുമാണ് സൂപ്പര്‍ ജയന്റ്സിനെ 20 ഓവറിൽ 158 റൺസിലെത്താൻ സഹായിച്ചത്. ഹൂഡ 55 റണ്‍സും ആയുഷ് 54 റണ്‍സും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന്റെ തടക്കവും മോശമായിരുന്നു. 15-2 എന്ന നിലയിലേക്ക് പരുങ്ങിയ ടൈറ്റൻസിനെ നായകൻ ഹാർദിക് പാണ്ഡ്യയും മാത്യൂ വെയ്ഡും ചേർന്നാണ് കരകയറ്റിയത്. 11-ാം ഓവറിൽ 33 റൺസെടുത്ത ഹാർദിക്കിനെ ക്രുനാൽ പാണ്ഡ്യ പുറത്താക്കി ബ്രേക്ക് ത്രൂ നൽകി. തൊട്ടടുത്ത ഓവറിൽ 30 റൺസെടുത്ത വെയ്ഡും മടങ്ങിയതോടെ വിജയം കൈപ്പിടിയിലാക്കാമെന്ന് സൂപ്പര്‍ ജയന്റ്സ് കരുതി.
എന്നാൽ ഡേവിഡ് മില്ലറും (30) രാഹുൽ തേവാട്ടിയയും (24 പന്തിൽ 40) ചേർന്ന് രക്ഷാ ദൌത്യം ഏറ്റെടുത്ത് ആഞ്ഞടിച്ചു. 18-ാം ഓവറിൽ മില്ലർ മടങ്ങിയെങ്കിലും അഭിനവ് മനോഹറിനെ (15) കൂട്ടുപിടിച്ച് തേവാട്ടിയ ഗുജറാത്തിന് വിജയം സമ്മാനിക്കുകയായിരുന്നു. അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 11 റൺസ് വേണമായിരുന്നെങ്കിലും മൂന്നു ബോൾ ബാക്കി നിൽക്കെ ജയം സ്വന്തമാക്കി.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി ദുഷ്മന്ത ചമീര മൂന്നോവറിൽ 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് എടുത്തപ്പോൾ ക്രുനാൽ പാണ്ഡ്യയും ദീപക് ഹൂഡയും ആവേശ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.