ക്യാപ്റ്റനായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറഞ്ഞ് ജോ റൂട്ട്
വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റനായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറഞ്ഞ് ജോ റൂട്ട്. വിൻഡീസിനെതിരെ ഗ്രനഡയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് പത്ത് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഇംഗ്ലീഷ് ടീമിന് തങ്ങളുടെ അവസാന 17 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയം കണ്ടെത്താനായത്. ബാക്കി പതിനൊന്ന് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം.
റൂട്ടിന്റെ നേതൃത്വത്തിൽ ഇറങ്ങിയ അവസാന അഞ്ച് പരമ്പരയിൽ നാലെണ്ണെത്തിലും ഇംഗ്ലണ്ട് തോൽവിയോടെയാണ് മടങ്ങിയത്. എന്നാൽ ടീമിന്റെ സമീപകാല മോശം പ്രകടനങ്ങൾക്കിടയിലും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ ഉൾപ്പെടെയുള്ള താരങ്ങൾ നായകനെ മാറ്റണമെന്ന ആവശ്യം തുടരുന്ന സാഹചര്യത്തിലാണ് ക്യാപ്റ്റനായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് റൂട്ട് വ്യക്തമാക്കിയത്.
ജൂണിൽ ന്യൂസിലൻഡിനെതിരായ ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ടീമിന് ഒരു പുതിയ ക്രിക്കറ്റ് ഡയറക്ടറും പരിശീലകനും എത്തുമ്പോൾ നിലവിലെ നായകന്റെ ഭാവിയറിയാം.