എംബാപ്പെയ്ക്ക് പകരക്കാരനായി ലുക്കാക്കു പിഎസ്‌ജിയിലേക്കോ?
ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ ബെൽജിയൻ സ്‌ട്രൈക്കർ വീണ്ടും കൂടുമാറ്റത്തിനൊരുങ്ങുന്നു. വലിയ തുകയ്ക്ക് ചെൽസിയിലേക്ക് എത്തിയ താരം ഫോം കണ്ടെത്താൻ പെടാപാടുപെടുകയാണ്. ഇന്റർ മിലാനിലെ പ്രകടനത്തിന്റെ മികവിൽ പ്രീമിയർ ലീഗിലേക്ക് എത്തിയ ലുക്കാക്കു ഈ സീസണിൽ തീർത്തും നിറം മങ്ങുകയായിരുന്നു.
എന്നാൽ കെലിയൻ എംബാപ്പെ ക്ലബ് വിടുന്ന സാഹചര്യത്തിൽ മെസിക്കും നെയ്‌മറിനും ഒപ്പം മുന്നേറ്റനിരയെ ശക്തിപ്പെടുത്താൻ പാരീസ് സെന്റ് ജെർമെയ്ൻ ലുക്കാക്കുവിനെ ടീമിലെത്തിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 98 മില്യൺ പൗണ്ടിൽ ചെൽസിയിലെത്തിയ താരത്തെ നിലവിലെ സാഹചര്യത്തിൽ അനാായാസം ലീഗ് വണ്ണിൽ എത്തിക്കാമെന്നാണ് പൊച്ചട്ടീനോയുടെ ടീമിന്റെ അനുമാനം.
പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ലുക്കാക്കുവിനെ നല്ല തുക ലഭിക്കുകയാണെങ്കിൽ വിൽക്കാൻ ചെൽസി തയാറായേക്കും. കരാർ അവസാനിക്കുന്ന എംബാപ്പെയ്ക്ക് പകരം വെക്കാൻ ലുക്കാക്കുവിനാകുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.