മെംഫിസ് ഡിപേയെ ടീമിലെത്തിക്കാൻ കോണ്ടെയുടെ ടോട്ടനം
പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരവിനായി തയാറെടുത്ത് ഡച്ച് ഫോർവേഡ് മെംഫിസ് ഡിപേ. ടോട്ടനം ഹോട്‌സറാണ് ബാഴ്‌സലോണ താരത്തിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 2023-ൽ നെതർലാൻഡ്‌സ് വിംഗറുടെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ നിരവധി ടീമുകൾ ഡിപേയെ സ്വന്തമാക്കാനായി രംഗത്തെത്തിയിട്ടുണ്ട്.
ടോട്ടനത്തിനൊപ്പം യുവെന്റസും എസി മിലാനും 28-കാരനു വേണ്ടി രംഗത്തുണ്ട്. ബാഴ്‌സയ്ക്ക് അവരുടെ വേതന ബിൽ കുറയ്ക്കാൻ ശ്രമിക്കുന്നതിനാൽ ഡിപേയെ വിൽക്കേണ്ടി വന്നേക്കാമെന്ന സാഹചര്യമാണ് ഇപ്പോൾ മുന്നിലുള്ളത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന മുന്നേറ്റ താരത്തിനെ ടീമിലെത്തിക്കാൻ 45 മില്യൺ യൂറോ (£37 മില്യൺ/$49 മില്യൺ) വരെ നൽകാൻ സ്പർസിന് തയാറായേക്കുമെന്നാണ് വാർത്തകൾ.
യുണൈറ്റഡിൽ തിളങ്ങാനാവാതിരുന്ന താരം പിന്നീട് ഫ്രഞ്ച് ലീഗ് ടീമായ ലിയോണിലേക്ക് ചേക്കേറുകയായിരുന്നു. ലീഗ് വണ്ണിലെ ഗംഭീര പ്രകടനത്തിനു ശേഷമാണ് ബാഴ്‌സലോണയിലേക്ക് ഡിപേ എത്തുന്നത്. ദേശീയ ടീമിന്റെ പരിശീലകനായിരുന്ന റൊണാൾഡ് കൂമനാണ് കാറ്റാലൻ ക്ലബിലേക്ക് മെംഫിസിനെ എത്തിച്ചത്. എന്നാൽ മോശം പ്രകടനത്തിന്റെ പേരിൽ കൂമനെ പുറത്താക്കിയപ്പോൾ പകരമെത്തിയ ചാവി മറ്റ് കളിക്കാർക്ക് മുൻഗണ കൊടുക്കുകയായിരുന്നു.