ഐപിഎല്ലിനു ശേഷം ഓസ്ട്രേലിയ ജൂണിൽ ശ്രീലങ്കയിലേക്ക്
ഈ വർഷം ജൂണിൽ ശ്രീലങ്കയിൽ ടി20, ടെസ്റ്റ്, ഏകദിന പരമ്പരകൾക്കായി ഓസ്‌ട്രേലിയ എത്തുമെന്ന് സ്ഥിരീകരിച്ച് ശ്രീലങ്ക ക്രിക്കറ്റ് (SLC). എല്ലാ ഫോർമാറ്റുകളിലുമായി നടക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്നു ടി20യും 2 ടെസ്റ്റ് മത്സരങ്ങളുമാവും നടക്കുക.
നിലവിൽ ഓസീസ് ടീം പാകിസ്ഥാൻ പര്യടനത്തിലാണ്. ഇതിനുശേഷം താരങ്ങൾ ഐപിഎല്ലിനായി എത്തും. അതിനു ശേഷമായിരിക്കും ഓസ്ട്രേലിയ-ശ്രീലങ്ക പരമ്പര നടക്കുക. എല്ലാ മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കാൻ കൊളംബോ, കാൻഡി, ഗാലെ എന്നീ മൂന്ന് വേദികളെയാണ് ലങ്കൻ ബോർഡ് തെരഞ്ഞെടുത്തിരിക്കുന്നത്.
പരമ്പരയുമായി സംബന്ധിച്ച വിശദമായ കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കും ഗാലെ ആതിഥേയത്വം വഹിക്കുമെന്നാണ് അറിയുന്നത്. ഓസ്‌ട്രേലിയയുടെ ശ്രീലങ്കൻ പര്യടനം ജൂൺ ഏഴിന് ടി20 മത്സരത്തോടെ ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ കൊളംബോയിൽ ആർ പ്രേമദാസ സ്റ്റേഡിയത്തിലും മൂന്നാം ടി20യും ആദ്യ രണ്ട് ഏകദിനങ്ങളും കാൻഡിയിലും നടക്കും.