ഐസിസി വനിതാ ലോകകപ്പ്: ഇന്ത്യക്ക് എങ്ങനെ സെമിഫൈനലിന് യോഗ്യത നേടാനാകും
ചിരവൈരികളായ പാകിസ്ഥാനെ 107 റൺസിന്റെ കൂറ്റൻ മാർജിനിൽ തോൽപ്പിച്ച് മിതാലി രാജും സംഘവും 2022 ഐസിസി വനിതാ ലോകകപ്പിൽ ഗംഭീര തുടക്കമാണ് നേടിയത്. എന്നാൽ അടുത്ത മത്സരത്തിൽ ന്യൂസിലൻഡിനെതിരായ തോൽവി ഏവരേയും ഞെട്ടിച്ചു.
ഇതുവരെ പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നിവയ്ക്കെതിര വിജയവും ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, സിംബാബ്വെ എന്നിവയ്ക്കെതിരെ തോൽവിയുമായി നിലവിൽ ലോകകപ്പ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ടീം ഇന്ത്യ. ഇന്ത്യക്ക് എങ്ങനെ സെമിഫൈനലിന് യോഗ്യത നേടാനാകും എന്ന കണക്കുകൂട്ടലുകളും പലരും ആരംഭിച്ചും കഴിഞ്ഞിരിക്കുകയാണ്.
ലീഗ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ ഇന്ത്യക്ക് ഒരു കളി ബാക്കിയുണ്ട്. സെമിയിലേക്കുള്ള മിതാലിയുടെയും സംഘത്തിന്റെയും സാധ്യതകളെല്ലാം ഈ മത്സരത്തോടെ നിർണയിക്കപ്പെടുകയും ചെയ്യും. ടേബിൾ ടോപ്പർമാരായ ഓസ്ട്രേലിയയും ന്യൂസിലൻഡും ഇതിനകം സെമിഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ടീമുകളെ അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും.
ഏഴ് പോയിന്റുമായി വെസ്റ്റ് ഇൻഡീസ് മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ അവർ തങ്ങളുടെ എല്ലാ ലീഗ് മത്സരങ്ങളും പൂർത്തിയാക്കുകയും ചെയ്തു. ആറു പോയിന്റുമായി ഇംഗ്ലണ്ടും ഇന്ത്യയും യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്. ഇന്ത്യയ്ക്ക് സെമി ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തേണ്ടതുണ്ട്.
നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റിൽ പ്രോട്ടീസ് മികച്ച ഫോമിലാണെന്നുള്ളത് തലവേദനയായേക്കാം. മാത്രമല്ല പോയിന്റ് പട്ടികയിൽ മുന്നോട്ടു കുതിക്കണമെങ്കിൽ കൂടുതൽ മികച്ച റൺ റേറ്റിൽ ഈ മത്സരത്തിൽ ജയിക്കേണ്ടതും അനിവാര്യമാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം മഴ മൂലം ഉപേക്ഷിച്ചാൽ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടും.
അങ്ങനെയെങ്കിൽ ഇന്ത്യയ്ക്ക് 7 പോയിന്റുകളാകും പോസിറ്റീവ് റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ആദ്യ നാലിൽ ഇടം നേടാനും അതേ പോയിന്റുള്ള വെസ്റ്റ് ഇൻഡീസിനെ പുറത്താക്കാനും ഇത്തരത്തിൽ സാധിക്കും. എന്നാൽ അതിന് മഴ കനിയണം എന്നുമാത്രം.
മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ജയിക്കുകയും ഇംഗ്ലണ്ട് ബംഗ്ലാദേശിനോട് തോൽക്കുകയും ചെയ്താൽ നിലവിലെ ചാമ്പ്യന്മാർ മത്സരത്തിൽ നിന്ന് പുറത്താകും. തുടർന്ന് ഇന്ത്യ ആദ്യ നാലിൽ എത്തുകയും ചെയ്യും.






































