ജേസണ്‍ റോയിക്ക് വിലക്കും പിഴ ശിക്ഷയും വിധിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
ജേസൺ റോയിക്ക് രണ്ട് മത്സരങ്ങളിൽ വിലക്കും 2500 പൗണ്ട് പിഴയും വിധിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) ക്രിക്കറ്റ് അച്ചടക്ക കമ്മീഷൻ. അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ് താരത്തെ വിലക്കിയിരിക്കുന്നത്.
എന്നാൽ റോയിലെ വിലക്കാനുണ്ടായ അപകീര്‍ത്തകരമായ പെരുമാറ്റം എന്താണെന്ന് ബോര്‍ഡ് വെളിപ്പെടുത്തിയില്ല. ക്രിക്കറ്റിന്റെ മാന്യതക്ക് കളങ്കമേല്‍പ്പിക്കുന്ന പെരുമാറ്റമാണ് താരത്തില്‍ നിന്നുണ്ടായതെന്ന് ഇസിബി വ്യക്തമാക്കി. മാത്രമല്ല പെരുമാറ്റം നന്നാക്കിയില്ലെങ്കില്‍ 12മാസം വരെ വിലക്കേര്‍പ്പെടുത്തുമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
2019 ഏകദിന ലോകകപ്പില്‍ കിരീടമുയർത്താൻ ഇംഗ്ലണ്ടിനെ സഹായിച്ച ജേസൺ റോയ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലെയും നിർണായക സാന്നിധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ബയോ ബബിള്‍ സംവിധാനത്തില്‍ കഴിയാനാവില്ലെന്ന കാരണം ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നിന്നും താരം അടുത്തിടെ ഒഴിവായിരുന്നു. മെഗാ താരലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് താരത്തെ സ്വന്തമാക്കിയിരുന്നത്.






































