പരിക്കേറ്റ് റിച്ചാർഡ്സൺ പുറത്ത്, പകരക്കാരനായി ബെൻ ദ്വാർഷുയിസ് ഓസീസ് ടീമിലേക്ക്
കെയ്ൻ റിച്ചാർഡ്സണിന് ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം നഷ്ടമാകും. ഹാംസ്ട്രിംഗ് പരിക്കു കാരണം താരത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. റിച്ചാർഡ്സണിന് പകരം ന്യൂ സൗത്ത് വെയ്ൽസ് ലെഫ്റ്റ് ആം ബോളർ ബെൻ ദ്വാർഷുയിസ് ടീമിലെത്തും.
ഈ സമയത്ത് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ഫാസ്റ്റ് ബോളറായ റിച്ചാർഡ്സൺ പുറത്തായത് കംഗാരുപ്പടയ്ക്ക് കനത്ത തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. മെൽബണിൽ പരിശീലനത്തിനിടെയുണ്ടായ പരിക്ക് വഷളായതോടെയാണ് കെയ്ൻ റിച്ചാർഡ്സണിന് പാകിസ്ഥാനിലേക്ക് എത്താനാവില്ലെന്ന വാർത്ത വരുന്നത്. അനുഭവപരിചയമില്ലാത്ത പേസ് പടയുമായാണ് ഇനി പാകിസ്ഥാൻ പരമ്പരയിൽ ഓസീസ് ഇറങ്ങുക.
ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കുന്ന ദ്വാർഷുയിസിന് അന്താരാഷ്ട്ര പരിചയമില്ല. 2017-18 ലെ ത്രിരാഷ്ട്ര പരമ്പരയിൽ ഓസ്ട്രേലിയയുടെ ടി20 ടീമിൽ അംഗമായിരുന്ന അദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്.






































