ലഖ്‌നൗവിന് തിരിച്ചടി, ഐപിഎല്ലിൽ നിന്നും മാർക്ക് വുഡ് ഒഴിവായി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 പതിപ്പിൽ നിന്ന് ഇംഗ്ലണ്ട് താരം മാർക്ക് വുഡ് ഒഴിവായി. കഴിഞ്ഞയാഴ്ച്ച ആന്റിഗ്വയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ താരത്തിന് കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി ഈ സീസണിൽ മാർക്ക് വുഡിന് കളിക്കാനാവാത്തത്.
വുഡിന്റെ പരിക്ക് ഭേദമാകാൻ സമയമെടുക്കുന്നതിനാൽ മാർച്ച് 26 ന് ആരംഭിക്കുന്ന 2022 ഐപിഎല്ലിൽ അദ്ദേഹം പങ്കെടുക്കില്ല. ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ബോളർമാരിൽ ഒരാളാണ് വുഡ് എന്നതും താരത്തിന്റെ ടി20 റെക്കോർഡുകളും ലഖ്‌നൗ ടീമിന് കരുത്താകുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്‌തമിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തിൽ 7.5 കോടി രൂപയ്ക്കാണ് മാർക്ക് വുഡിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കിയത്. താരത്തിന്റെ പകരക്കാരനെ ഫ്രാഞ്ചൈസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.






































