കോലിയെക്കാൾ മികച്ച ക്യാപ്റ്റനാവാൻ രോഹിത്തിന് കഴിയുമെന്ന് മുൻ ഇന്ത്യൻ താരം
വിരാട് കോലിയെക്കാൾ മികച്ച ടെസ്റ്റ് നായകനാവാൻ രോഹിത് ശർമയ്ക്ക് കഴിയുമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. അടുത്തിടെ നടന്ന എല്ലാ മത്സരങ്ങളിലും ഒരു തോൽവി പോലും വഴങ്ങാതെ ടീം ഇന്ത്യയെ നയിച്ച ഹിറ്റ്മാന് എല്ലാ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ഒഴുകിയെത്തുന്നത്.
ഈ വർഷമാദ്യമാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് നിയമിതനാവുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പിൻമാറിയ കോലിയിൽ നിന്ന് നായക സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര അനായാസമാണ് നേടിയെടുത്തത്.
എന്നാൽ 68 മത്സരങ്ങളിൽ നിന്ന് 40 വിജയങ്ങളിലേക്ക് ടീമിനെ നയിച്ച കോലി ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് നായകനെന്ന പദവി അലങ്കരിക്കുന്നയാളാണ്. അടുത്ത മാസം 35 വയസ് തികയുന്ന രോഹിതിന് കോലിയുടെ നേട്ടം മറികടക്കാൻ സാധ്യതയില്ലെന്നതും ശ്രദ്ധേമായ കാര്യമാണ്. എന്നിരുന്നാലും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ എത്തിക്കാൻ രോഹിത്തിന് കഴിയും.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പര വിജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിലുള്ള അടുത്ത ടെസ്റ്റ് ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് നടക്കുക.






































