നാലാം ഇന്നിംഗ്‌സിലെ ഉയർന്ന സ്കോർ, ഇതിഹാസങ്ങളെ പിന്നിലാക്കി ബാബര്‍ അസം
ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ തകര്‍പ്പന്‍ സെഞ്ചുറി നേടി ഇതിഹാസങ്ങളെയെല്ലാം പിന്നിലാക്കി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് റെക്കോര്‍ഡ്. 196 റണ്‍സെടുത്ത താരത്തിന് ഇരട്ട സെഞ്ചുറി നഷ്‌ടമായെങ്കിലും പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരിൽ കുറിക്കാനായി.
ഒരു ടെസ്റ്റിന്‍റെ നാലാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറിനുടമയെന്ന നേട്ടമാണ് ബാബര്‍ അസം നേടിയെടുത്തിരിക്കുന്നത്. 1995ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ട് നായകനായിരുന്ന മൈക്കല്‍ ആതര്‍ട്ടണ്‍ നേടിയ 185 റണ്‍സെന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
വ്യക്തിഗത സ്കോര്‍ 142-ല്‍ എത്തിയപ്പോൾ നാലാം ഇന്നിംഗ്സില്‍ ഇന്ത്യൻ താരം വിരാട് കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്കോറും പാക് നായകൻ മറികടന്നിരുന്നു. ബാബറിന്‍റെയും അപരാജിയ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്‌വാന്‍റെയും പോരാട്ടം പാകിസ്ഥാന് സമനില പിടിക്കാനും സാഹയകരമായി.






































