മൂന്നാം ദിനം ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്‌ടം, പൊരുതി കരുണാരത്നെ
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. ഇന്ത്യ ഉയര്‍ത്തിയ 446 റണ്‍സിന്റെ ലീഡ് പിന്തുടുന്ന ശ്രീലങ്കയ്ക്ക് മൂന്നാംദിനം മൂന്ന് വിക്കറ്റ് കൂടി നഷ്‌ടമായി. ടെസ്റ്റിന്റെ ചായയ്ക്ക് പിരിയുമ്പോള്‍ നാലിന് 151 എന്ന നിലയിലാണ് ലങ്ക. ദിമുത് കരുണാരത്‌നെ (67), നിരോഷന്‍ ഡിക്ക്‌വെല്ല (10) എന്നിവരാണ് ക്രീസില്‍
പിങ്ക് ബോള്‍ ടെസ്റ്റിൽ ജയത്തിനായി സന്ദർശകർ ഇനിയും 296 റൺസ് അകലെയാണ്. ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജയാണ് ഇന്നത്തെ മറ്റൊരു വിക്കറ്റ് നേടിയത്. അതേസമയം ഇന്നലെ റൺസൊന്നുമെടുക്കാതെ ലാഹിരു തിരിമാനെയെ ജസ്പ്രിത് ബുമ്ര പുറത്താക്കിയിരുന്നു.
കുശാല്‍ മെന്‍ഡിസ് (54), എയ്ഞ്ചലോ മാത്യൂസ് (1), ധനഞ്ജയ ഡിസില്‍വ (4) എന്നിവരാണ് ലങ്കൻ നിരയിൽ നിന്നും പുറത്തായ മറ്റുകളിക്കാർ. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 303 റൺസിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രേയസ് അയ്യര്‍ (67), റിഷഭ് പന്ത് (50), രോഹിത് ശര്‍മ (46) എന്നിവരാണ് രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയെ മികച്ച സ്കോർ നേടാൻ സഹായിച്ചത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 252 റൺസ് പിന്തുർന്നിറങ്ങിയ ശ്രീലങ്ക 109 റൺസിന് ഓൾഔട്ടാവുകയായിരുന്നു.






































