പാകിസ്ഥാനെതിരെ കറാച്ചി ടെസ്റ്റില്‍ ഓസീസ് ശക്തമായ നിലയില്‍, ഖവാജയ്ക്ക് സെഞ്ചുറി
പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് ഒന്നാം ദിനം കളിയവസാനിച്ചപ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 251 റണ്‍സ് എന്ന നിലയിലാണ്.
കംഗാരു പടയ്ക്കായി ഉസ്മാന് ഖവാജ സെഞ്ചുറി നേടി ക്രീസിലുണ്ട്. ഡേവിഡ് വാര്‍ണര്‍ (36), മര്‍നസ് ലബുഷെയ്ന് (0), സ്റ്റീവ് സ്മിത്ത് (72) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ ഖവാജ, വാര്‍ണര്‍ സഖ്യം 82 റണ്‍സ് കൂട്ടിചേര്‍ത്താണ് പിരിഞ്ഞത്.
പിന്നീട് ക്രീസിലെത്തിയ ലബുഷെയ്ൻ റൺസൊന്നും എടുക്കാതെ മടങ്ങിയത് ഓസീസിന് സമ്മർദ്ദമേറ്റി. ഇതോടെ ഓസീസ് രണ്ടിന് 91 എന്ന നിലയിലേക്ക് പരുങ്ങിയെങ്കിലും അവിടുന്ന് ഖവാജയും സ്റ്റീവ് സ്മിത്തും ചേർന്ന് ടീമിനെ കരകയറ്റി. 159 റണ്‍സാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ നിന്നും പിറന്നത്. എന്നാല്‍ ആദ്യദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഓവറില്‍ സ്മിത്തും പുറത്തായി.
സെഞ്ചുറി നേടിയ ഉസ്മാന് ഖവാജയും (127) റൺസൊന്നും എടുക്കാതെ നൈറ്റ് വാച്ച്മാന് നഥാന്‍ ലിയോണുമാണ് ക്രീസിലുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യത്തെ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു.






































