വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ടീം ഇന്ത്യ
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ടീം ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 317 എന്ന മികച്ച സ്കോറാണ് നേടിയത്. ഉയർന്ന വിജയ ലക്ഷ്യം ചേയ്സുചെയ്ത കരീബിയൺ പെൺപട ഗംഭീര തുടക്കമാണിട്ടത്.
ശക്തമായ തുടക്കം ലഭിച്ച വിന്‍ഡീസ് വനിതകള്‍ അതിവേഗമാണ് നൂറിലേക്ക് കുതിച്ചത്. ഒന്നാം വിക്കറ്റില്‍ ഡീന്‍ഡ്രാ ഡോട്ടിന്-ഹെയ്ലി മാത്യൂസ് സഖ്യം 12.2 ഓവറില്‍ 100 റണ്‍സ് സ്കോർ ബോർഡിൽ ചേര്‍ത്തു. എന്നാൽ ആദ്യ വിക്കറ്റ് വീണതോടെ പോരാട്ടവീര്യം ചോർന്ന വെസ്റ്റ് ഇൻഡീസ് 100-1 എന്ന നിലയില്‍ നിന്ന് 134-6 എന്ന നിലയിലേക്ക് വിന്‍ഡീസ് കൂപ്പുകുത്തി വീണു.
ഇതോടെ വിജയം ഏതാണ്ട് കൈപ്പിടിയിലാക്കിയ ഇന്ത്യ വിൻഡീസിനെ വിരിഞ്ഞുമുറുക്കുന്നതിനാണ് പിന്നീട് സാക്ഷ്യംവഹിച്ചത്. തുടർന്ന് 40.3 ഓവറില്‍ 162 റൺസിന് കരീബിയൻസിനെ ഓൾഔട്ടാക്കാൻ മിതാലി രാജിനും സംഘത്തിനുമായി. ബോളിംഗില്‍ സ്നേഹ് റാണ മൂന്നും മേഘ്ന സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി ഇന്ത്യക്കായി തിളങ്ങി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. ബാറ്റിംഗില്‍ സെഞ്ചുറികളുമായി സ്മൃതി മന്ദാന യും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയതാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മന്ദാന 119 പന്തില്‍ 123 റൺസെടുത്തപ്പോൾ ഹര്മന് 107 പന്തില്‍ 109 റൺസാണ് സംഭാവന ചെയ്തത്. വെസ്റ്റ് ഇൻഡീസിനെതിരായ ജയത്തോടെ മൂന്നു മത്സരങ്ങളിൽ നിന്നും 2 ജയവും ഒരു തോൽവിയുമായി നാല് പോയിന്റോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.






































