വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാൻഡിനു മുന്നിൽ കാലിടറി ടീം ഇന്ത്യ
വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാൻഡിനു മുന്നിൽ കാലിടറി ടീം ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത കിവീസ് പെൺപട ഉയർത്തിയ 261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 198 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
ഇന്ത്യക്കായി ഹർമൻപ്രീത് 63 പന്തിൽ 71 റൺസെടുത്തപ്പോൾ മിതാലി രാജ് 56 പന്തിൽ 31 റൺസ് കൂട്ടിച്ചേർത്തത് മാറ്റി നിർത്തിയാൽ നിരയിൽ മറ്റാർക്കും കാര്യമായി തിളങ്ങാനാവാതെ പോയതാണ് ന്യൂസിലാൻഡിനെതിരെ തോൽവിയിലേക്ക് നയിച്ചത്.
ന്യൂസിലൻഡിനായി ലീ തഹുഹു 17 റൺസിന് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ലെഗ്ഗി അമേലിയ കെർ 56 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കിവീസ് അമേലിയ കെറിന്റേയും ആമി സാറ്റെര്ത്വൈറ്റിന്റെയും ബാറ്റിംഗ് കരുത്തിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 260 റൺസാണ് കുറിച്ചത്. ഇന്ത്യയ്ക്കായി പൂജ വസ്ട്രാക്കര്‍ 4 വിക്കറ്റും രാജേശ്വരി ഗായക്വാഡ് 2 വിക്കറ്റും നേടി.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ കീഴടക്കിയ ഇന്ത്യ നിലവിൽ രണ്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. രണ്ട് കളിയിൽ രണ്ടിലും ജയിച്ച ഓസ്ട്രേലിയയാണ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്.






































