വിവാദത്തിന് അറുതി, ഡിക്ലയര്‍ ചെയ്യാൻ നിര്‍ദേശിച്ചത് താൻ തന്നെയെന്ന് ജഡേജ
ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ രവീന്ദ്ര ജഡേജ 175 റൺസെടുത്ത് നിൽക്കുന്ന സമയത്ത് ഇന്ത്യന്‍ ടീം ഡിക്ലയര്‍ ചെയ്‌തത് ഏറെ ചർച്ചയായ വിഷയമായിരുന്നു. ജഡേജയെ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ടീം ഡിക്ലയര്‍ ചെയ്യാന്‍ നായകൻ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ശ്രമിക്കുകയായിരുന്നു എന്ന വിമര്‍ശനങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ് ജഡേജ.
രോഹിത്തും ദ്രാവിഡുമല്ല, ഡിക്ലയര്‍ ചെയ്യാൻ താൻ തന്നെയാണ് നിര്‍ദേശിച്ചതെന്നാണ് രവീന്ദ്ര ജഡേജ വ്യക്തമാക്കിയിരിക്കുന്നത്. ചേരിതിരിഞ്ഞ് ആരാധകര്‍ ഏറ്റുമുട്ടുമ്പോളാണ് വെളിപ്പെടുത്തലുമായി ജഡേജ തന്നെ രംഗത്ത് എത്തിയിരിക്കുന്നത് എന്ന കാര്യം വിവാദങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ്.
താരത്തിന്റെ ഈ തീരുമാനം ഇന്ത്യന്‍ ടീമിന് ഗുണം ചെയ്‌തതാണ് രണ്ടാം ദിനത്തിന്‍റെ അവസാന മണിക്കൂറുകളില്‍ കണ്ടത്. ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിച്ചപ്പോൾ നാല് വിക്കറ്റിന് 108 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. ജഡേജയും അശ്വിനും ബുംറയുമാണ് സന്ദർശകരെ സമ്മർദത്തിലാക്കിയത്.






































