ചെൽസി വിൽക്കാൻ തയാറെന്ന് സ്ഥിരീകരിച്ച് റഷ്യൻ ഉടമ റോമൻ അബ്രമോവിച്ച്
ചെൽസി ഫുട്ബോൾ ക്ലബിനെ വിൽക്കാൻ തയാറെന്ന് സ്ഥിരീകരിച്ച് റഷ്യൻ ഉടമ റോമൻ അബ്രമോവിച്ച്. വിൽപ്പനയിൽ നിന്നുള്ള മൊത്തം വരുമാനം ഉക്രെയ്നിലെ യുദ്ധത്തിന്റെ ഇരകൾക്ക് സംഭാവനയായി നൽകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
റഷ്യക്ക് ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെല്‍സിയുടെ നടത്തിപ്പവകാശം കൈമാറാന്‍ ക്ലബ് ഉടമയും റഷ്യന്‍ വ്യവസായിയുമായ റോമന്‍ അബ്രമോവിച്ച് തീരുമാനിച്ചത്. ഈ ആഴ്ച ആദ്യം ലേബർ എംപി ക്രിസ് ബ്രയന്റ് പാർലമെന്ററി പ്രിവിലേജ് ഉപയോഗിച്ച് അബ്രമോവിച്ച് തന്റെ യുകെയിലെ വീടും മറ്റൊരു ഫ്‌ളാറ്റും വിൽക്കുന്നതായി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഈ നീക്കവും.
സ്വിസ് കോടീശ്വരനായ ഹാൻസ്‌ജോർഗ് വൈസ് ക്ലബ് വാങ്ങാനുള്ള ഓഫറും നൽകിയതായി റോമൻ അബ്രമോവിച്ച് സ്ഥിരീകരിച്ചിട്ടുമുണ്ട്. റഷ്യയിലെ ഏറ്റവും ധനികരില്‍ ഒരാളും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി അടുത്ത ബന്ധവുമുള്ള അബ്രമോവിച്ച് 2004-ൽ ആണ് ചെൽസിയെ വാങ്ങുന്നത്.