നൂറാം ടെസ്റ്റിന് ഇറങ്ങുന്ന വിരാട് കോലിയെ തേടി മറ്റൊരു റെക്കോർഡും കാത്തിരിക്കുന്നു
മാർച്ച് നാലിന് മൊഹാലിയിൽ ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് വിരാട് കോലിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു മത്സരം തന്നെയായിരിക്കും. 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന 12-ാമത്തെ ഇന്ത്യൻ താരമായി മുൻ ഇന്ത്യൻ നായകൻ മാറും. എന്നാൽ ഇതിനു പുറമെ മറ്റൊരു നേട്ടം കൂടി നിലവിൽ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കോലിയെ തേടിയിരിപ്പുണ്ട്.
ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ 8000 റൺസ് തികയ്ക്കാൻ കോലിക്ക് ഇനി 38 റൺസ് മാത്രം മതിയാകും. ഈ റൺസ് ലങ്കയ്ക്കെതിരെ അടിച്ചെടുക്കാനായാൽ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ, വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ തുടങ്ങിയ മഹാരഥൻമാർ ഉൾപ്പെടുന്ന എലൈറ്റ് ലിസ്റ്റിൽ ചേരുന്ന ആറാമത്തെ ഇന്ത്യക്കാരനായും കോലി മാറും.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ 38 റൺസ് നേടാനായാൽ സച്ചിൻ തെണ്ടുൽക്കർ (154 ഇന്നിംഗ്സ്), രാഹുൽ ദ്രാവിഡ് (158 ഇന്നിംഗ്സ്), വീരേന്ദർ സെവാഗ് (160 ഇന്നിംഗ്സ്), സുനിൽ ഗവാസ്കർ എന്നിവർക്ക് പിന്നിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാകും കോലി (166 ഇന്നിംഗ്സ്).
കഴിഞ്ഞ രണ്ട് വർഷങ്ങളായി ടെസ്റ്റ് മത്സരങ്ങളിൽ വിരാട് കോലി വേണ്ടത്ര തിളങ്ങിയിട്ടില്ല. ഇത് താരത്തിന്റെ കരിയറിലെ ഏറ്റവും നീണ്ട മോശം പ്രകടനമാണ്. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയാണ് കോലി അവസാനമായി അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്.






































