2022 ഐപിഎൽ എഡിഷനിൽ 25 ശതമാനം കാണികളെ അനുവദിച്ചേക്കും
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2022 എഡിഷനിൽ 25 ശതമാനം ശേഷിയോടെ കാണികളെ അനുവദിക്കാൻ സാധ്യത തെളിയുന്നു. ഇതുസംബന്ധിച്ച തീരുമാനം മഹാരാഷ്ട്ര സർക്കാർ ഉടൻ കൈക്കൊള്ളുമെന്നാണ് ലഭിക്കുന്ന വിവരം.
ഹാരാഷ്ട്രയിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് കാണികള്‍ക്ക് അനുമതി നല്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ 15-ാം പതിപ്പ് മാർച്ച് 26 ന് ആരംഭിക്കാനിരിക്കെ ആരാധകർക്ക് കിട്ടാവുന്ന ഏറ്റവും വലിയ ആശ്വാസമായിരിക്കും ഇത്.
ഐപിഎല്ലിന്റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും മുംബൈയിലും പൂനെയിലും ഉടനീളം നടത്താനാണ് ബിസിസിഐ തീരുമാനമെടുത്തിരിക്കുന്നത്. കൊവിഡ്-19 ആശങ്കകൾക്കിടയിൽ അടച്ചിട്ട ഗ്രൗണ്ടുകളിൽ മത്സരങ്ങൾ നടക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, മുംബൈ ക്രിക്കറ്റ് അസോസിയേഷനും (എംസിഎ) മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും (എംഎച്ച്സിഎ) ഒരു നിശ്ചിത കാണികളെ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യാൻ തയാറാണെന്ന് അറിയിച്ചതോടെയാണ് കാര്യങ്ങൾ വഴിമാറിയത്.
വാങ്കഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയം എന്നിവ സംയുക്തമായി മത്സരത്തിൽ മൊത്തം 55 ലീഗ്-സ്റ്റേജ് ഗെയിമുകൾക്ക് ആതിഥേയത്വം വഹിക്കും. ശേഷിക്കുന്ന 15 മത്സരങ്ങൾ പൂനെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള വേദികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.