ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം മിതാലി രാജ്
വനിതാ ക്രിക്കറ്റ് ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം മിതാലി രാജ്. ചൊവ്വാഴ്ച്ച പുറത്തുവിട്ട ഏറ്റവും പുതിയ വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഹർമൻപ്രീത് കൗർ 20-ാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി.
അടുത്തിടെ ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ കൗർ 66 പന്തിൽ 63 റൺസ് നേടി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. കിവീസിനെതിരായ അവസാന ഏകദിനത്തിൽ 73 റൺസെടുത്ത രാജും സ്റ്റാർ ഓപ്പണർ സ്മൃതി മന്ദാനയും റാങ്കിംഗിൽ യഥാക്രമം രണ്ടും എട്ടും സ്ഥാനങ്ങൾ നിലനിർത്തി.
ഓൾറൗണ്ടർ ദീപ്തി ശർമ്മയും ബോളിംഗ് റാങ്കിംഗിൽ തന്റെ സ്ഥാനം മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തെത്തി. അതേസമയം ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒരു സ്ഥാനം നഷ്‌ടപ്പെട്ട് അഞ്ചാം സ്ഥാനത്തേക്ക് താരം താഴുകയും ചെയ്തു. പേസർ ജുലൻ ഗോസ്വാമി ബോളർമാരുടെ പട്ടികയിൽ നാലാം സ്ഥാനം നിലനിർത്തി. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബോളറാണ് ജുലൻ.