ഐപിഎല്ലില്‍ നിന്ന് പിന്മാറി ഗുജറാത്ത് ടൈറ്റൻസ് താരം ജേസൺ റോയ്
ഐപിഎലില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ട് താരം ജേസൺ റോയ്. മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാണിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് താരം ടൂർണമെന്റിൽ നിന്നുമുള്ള പിൻമാറ്റം അറിയിച്ചിരിക്കുന്നത്. കൂടാതെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനാണ് താൻ കൂടുതൽ താതപര്യപ്പെടുന്നതെന്നും താരം വ്യക്തമാക്കി.
മാനേജ്‌മെന്റിനോടും ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയോടും നന്ദി പ്രകടിപ്പിച്ച റോയ് തുടർച്ചയായ ക്രിക്കറ്റ് മത്സരങ്ങൾ തന്നെ ബാധിച്ചിട്ടുണ്ടെന്നും ട്വിറ്ററിൽ പറഞ്ഞു. മെഗാ ലേലത്തിൽ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കായിരുന്നു വെടിക്കെട്ട് താരത്തെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടീമിലെത്തിച്ചത്. ഇതോടെ ഓപ്പണിംഗിൽ ശുഭ്മന്‍ ഗില്ലിനൊപ്പം മറ്റൊരു താരത്തെ കണ്ടെത്തേണ്ട തലവേദന ഗുജറാത്ത് ടൈറ്റൻസിനെ അലട്ടും.
നേരത്തെ 2020-ൽ ഡൽഹി ക്യാപിറ്റൽസ് ജേസൺ റോയിയെ 1.5 കോടിയ്ക്ക് സ്വന്തമാക്കിയിരുന്നെങ്കിലും അന്നും താരം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐപിഎല്ലിന് എത്തിയിരുന്നില്ല. അടുത്തിടെ സമാപിച്ച പാകിസ്ഥാൻ സൂപ്പർ ലീഗിൽ കിടിലൻ പ്രകടനം കാഴ്ച്ചവെച്ച താരത്തിന്റെ പിൻമാറ്റം വരും ദിവസങ്ങളിൽ ഏറെ ചർച്ചയായേക്കും.