രണ്ടാം ടി20 മത്സരത്തിനു മുമ്പേ ശ്രീലങ്കയ്ക്ക് തിരിച്ചടി, മഹേഷ് തീക്ഷണയും കുശാൽ മെൻഡിസും കളിച്ചേക്കില്ല
ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനു മുമ്പേ ശ്രീലങ്കയ്ക്ക് തിരിച്ചടി. ടീമിലെ പ്രധാന കളിക്കാരായ രണ്ടു പേരെ ലങ്കൻ ടീമിന് നഷ്‌ടമാകുമെന്നാണ് വിവരം. മഹേഷ് തീക്ഷണ പരിക്കേറ്റ് പുറത്തായപ്പോൾ കുശാൽ മെൻഡിസും കളിക്കുമെന്ന് ഉറപ്പില്ല.
കൊവിഡ്-19 പോസിറ്റീവായതിനെത്തുടർന്ന് സ്റ്റാർ സ്പിന്നർ വനിന്ദു ഹസരംഗ മുഴുവൻ പരമ്പരയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് മറ്റ് രണ്ടു സുപ്രധാന താരങ്ങളെയും കൂടി ടീമിന് നഷ്‌ടമായേക്കുന്നത്. എന്നാൽ മാർച്ച് നാലിന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ മഹേഷ് തീക്ഷണയും കുശാൽ മെൻഡിസും തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം ശ്രീലങ്കൻ ടെസ്റ്റ് ടീമിൽ അംഗങ്ങളായ വിക്കറ്റ് കീപ്പർ-ബാറ്റർ നിരോഷൻ ഡിക്ക്വെല്ലയും ധനഞ്ജയ ഡി സിൽവയും ഇപ്പോൾ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലഖ്‌നൗവിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ 62 റൺസിന്റെ തോൽവിക്ക് ശേഷം ഫെബ്രുവരി 26 ന് ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി 20 ഐയിൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രീലങ്കൻ ടീമിന്റെ ലക്ഷ്യം.






































