ഇന്ത്യൻ പരമ്പരിയിൽ നിന്നും വനിന്ദു ഹസരംഗയെ ഒഴിവാക്കി ശ്രീലങ്ക
മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങുന്ന വരാനിരിക്കുന്ന ഇന്ത്യൻ പരമ്പരയിൽ നിന്ന് ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരംഗയെ ഒഴിവാക്കി. ആർടി-പിസിആർ പരിശോധനയുടെ ഏറ്റവും പുതിയ പരിശോധനയിലും താരം പോസിറ്റീവായതിനാലാണ് പരമ്പരയിൽ നിന്നും ഒഴിവാക്കാനുള്ള താരുമാനം എത്തിയത്.
ഓസ്ട്രേലിയയിൽ കൊവിഡ് ബാധിതനായ താരം ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. താരത്തിനൊപ്പം കുശാൽ മെൻഡിസും ബിനുര ഫെർണാണ്ടോയും കൊവിഡ് ബാധിതരായി ഓസീസ് പരമ്പരയിൽ നിന്നും പുറത്തായിരുന്നു.
കുശാൽ പെരേര, അവിഷ്ക ഫെർണാണ്ടോ, രമേഷ് മെൻഡിസ്, നുവാൻ തുഷാര എന്നിവരുടെ സേവനവും ഇന്ത്യൻ പരമ്പരയിൽ ലങ്കയ്ക്കില്ലാത്തതിനാൽ ഹസരംഗയുടെ പുറത്താകലും ശ്രീലങ്കയെ കൂടുതൽ സമ്മർദത്തിലാഴ്ത്തും.
ഫെബ്രുവരി 24ന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടി20യോടെ ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും തുടർന്ന് രണ്ട് റെഡ് ബോൾ മത്സരങ്ങളും കളിക്കും. അടുത്ത രണ്ട് മത്സരങ്ങൾ തുടർച്ചയായി (ഫെബ്രുവരി 26, 27) ദിവസങ്ങളിൽ ധർമ്മശാലയിൽ നടക്കും. മൊഹാലിയിൽ നടന്ന ആദ്യ ടെസ്റ്റിനു ശേഷം പിന്നീട് ബെംഗളൂരുവിൽ ഡേ-നൈറ്റ് ടെസ്റ്റിലും ഇരുടീമും ഏറ്റുമുട്ടും.