അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ ചീഫ് സെലക്ടറായി ചുമതലയേറ്റ് മുൻതാരം മാലിക്സായി
സീനിയർ ടീമിന്റെ ചീഫ് സെലക്ടറായി മുൻ മധ്യനിര ബാറ്റ്സ്മാൻ നൂർ-ഉൾ-ഹഖ് മാലിക്സായിയെ നിയമിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ മൂന്ന് മാസമായി മാലിക്സായി ചീഫ് സെലക്ടറുടെ ചുമതല ഇടക്കാല അടിസ്ഥാനത്തിൽ നിറവേറ്റുകയായിരുന്നു.
ഹ്രസ്വകാല ലക്ഷ്യങ്ങളിൽ മാത്രമല്ല ദീർഘകാല അടിസ്ഥാനത്തിലേക്കാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാലിക്സായി പറഞ്ഞു. സെലക്ഷൻ പാനലിനെ നയിക്കാൻ മാലിക്സായിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് എസിബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നസീബ് ഖാൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഇടക്കാല അടിസ്ഥാനത്തിൽ പ്രവർത്തിച്ചപ്പോൾ ശ്രദ്ധേയ പ്രകടമാണ് നടത്തിയത്.
അഫ്ഗാനിസ്ഥാനെ രണ്ട് ഏകദിനങ്ങളിൽ മാലിക്സായി പ്രതിനിധീകരിച്ചിട്ടുണ്ട്. കൂടാതെ യഥാക്രമം 2010, 2012 വർഷങ്ങളിലെ ICC U19 ലോകകപ്പിന്റെ രണ്ട് പതിപ്പുകളിലും താരം കളിച്ചു. 18 ഫസ്റ്റ് ക്ലാസ്, 13 ലിസ്റ്റ്-എ, 8 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.
നേരത്തെ ബോർഡിലെ ക്രിക്കറ്ററല്ലാത്തവരിൽ നിന്ന് വളരെയധികം തടസങ്ങളും ഇടപെടലുകളും ആരോപിച്ച് അസദുള്ള ഖാൻ 2020 ജൂണിൽ ചീഫ് സെലക്ടർ സ്ഥാനം ഒഴിഞ്ഞിരുന്നു. അതിനു പിന്നാലെയാണ് താത്ക്കാലിക ചുമതലയുമായി നൂർ-ഉൾ-ഹഖ് മാലിക്സായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്.