ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ച് ബിസിസിഐ
പുതിയ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ച് ടീം ഇന്ത്യ. വിരാട് കോലിയുടെ പിൻഗാമിയായി മൂന്ന് ഫോർമാറ്റുകളിലും രോഹിത്തായിരിക്കും ഇനി ടീമിനെ നയിക്കുക. ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് നായകനായി പേരെടുത്ത കോലി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് നായക സ്ഥാനം രാജിവെച്ച് ഒഴിയുന്നത്.
അടുത്ത മാസം രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് മുമ്പായാണ് ഇന്ത്യയുടെ പുതിയ നായകനെ കുറിച്ചുള്ള പ്രഖ്യാപനം എത്തിയത്. ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുംറയാണ് രണ്ട് ടീമുകളിലും രോഹിതിന്റെ ഡെപ്യൂട്ടി. മൊഹാലിയിൽ നടക്കുന്ന ആദ്യ ടെസ്റ്റ് കോലിയുടെ നൂറാം ടെസ്റ്റാണ് എന്ന പ്രത്യേകതയുമുണ്ട്.
മാർച്ചിൽ ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ചേതേശ്വർ പൂജാരയെയും അജിങ്ക്യ രഹാനെയെയും ബിസിസിഐ ഒഴിവാക്കിയിട്ടുണ്ട്. ബാറ്റ്സ്മാൻ കെഎൽ രാഹുലും സ്പിൻ ബോളിംഗ് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും പരിക്കേറ്റ് പുറത്തായപ്പോൾ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ തിരികെ ടീമിലെത്തിച്ചിട്ടുണ്ട്.