ടി20 റാങ്കിംഗിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 വിജയത്തിനു ശേഷം ഐസിസി ടി20 റാങ്കിംഗിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ. പരമ്പര 3-0ന് തൂത്തുവാരിയതാണ് റാങ്കിംഗിൽ ഇന്ത്യയ്ക്ക് തുണായത്.
രോഹിത് ശർമ്മയുടെ ടീം ഇന്ത്യ ഇപ്പോൾ 269 എന്ന മികച്ച റേറ്റിംഗുമായാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഒരേ റേറ്റിംഗ് (269) ഉള്ളപ്പോൾ ഇന്ത്യയ്ക്ക് ആകെ 10,484 പോയിന്റുണ്ട്. ഇംഗ്ലണ്ടിന്റെ 10,474 നേക്കാൾ 10 പോയിന്റാണ് നീലപ്പടയ്ക്ക് അധികമുള്ളത്.
ടി20 റാങ്കിംഗിൽ പാകിസ്ഥാൻ (റേറ്റിംഗ് 266), ന്യൂസിലാൻഡ് (255), ദക്ഷിണാഫ്രിക്ക (253) എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ചുവടുറപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ 4-1 പരമ്പര വിജയത്തിന് ശേഷം ഓസ്‌ട്രേലിയ (249) ആറാം സ്ഥാനത്ത് തുടരുന്നു.
മൂന്നാം ടി20-യിൽ 17 റൺസിന്റെ ജയത്തോടെ വിൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കുകയായിരുന്നു. നേരത്തെ ഏകദിന പരമ്പരയിലും ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിനെ 3-0ന് പരാജയപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ അടുത്തതായി ശ്രീലങ്കയെയാണ് നേരിടുക.






































