രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയ്ക്ക് ജയം, വിൻഡീസിനെതിരെ പരമ്പരയും സ്വന്തം
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി രോഹിത്തും സംഘവും. ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 178 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
റോവ്മന്‍ പവലും നിക്കോളസ് പൂരാനും വിൻഡീസിന് വിജയ പ്രതീക്ഷകൾ നൽകിയെങ്കിലും ഭുവനേശ്വർ കുമാർ രക്ഷകനായി എത്തുകയായിരുന്നു. പൂരാന്‍ 41 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 62 റണ്‍സാണ് അടിച്ചെടുത്തത്. അതേസമയം 36 പന്തില്‍ നിന്ന് അഞ്ച് സിക്‌സും നാല് ഫോറുമടക്കം 68 റൺസോടെ പവല്‍ പൊരുതി നിന്നു.
ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 100 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിന് ഹര്‍ഷല്‍ പട്ടേലിന്റെ ഓവറില്‍ നേടാനായത് 16 റണ്‍സാണ്. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ഓരോ വിക്കറ്റ് വീഴ്ത്തി ചാഹലും രവി ബിഷ്ണോയിയും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത ടീം ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. വിരാട് കോലി (52), റിഷഭ് പന്ത് (52), വെങ്കടേഷ് അയ്യര്‍ (33) എന്നിവരുടെ കിടിലൻ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 20-ാം തീയതി നടക്കും.