ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി രവീന്ദ്ര ജഡേജ
ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി രവീന്ദ്ര ജഡേജ. 2021 നവംബർ അവസാനം കാൺപൂരിൽ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റു മടങ്ങിയ താരം ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയുടെ ഭാഗമാകും.
തുടർന്നുള്ള രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ജഡേജയെ ഉൾപ്പെടുത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. എന്നാൽ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുമ്പുള്ള മൂന്ന് ട്വന്റി 20 ഇന്റർനാഷണൽ മത്സരങ്ങളിലായിരിക്കും ജഡേജയുടെ മടങ്ങിവരവുണ്ടാവുക.
അടുത്തിടെ വരെ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് വീണ്ടെടുക്കാൻ രവീന്ദ്ര ജഡേജ പരിശീലനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 24 ന് മൂന്ന് ട്വന്റി 20 മത്സരങ്ങളിൽ ആദ്യത്തേത് കളിക്കുന്ന ലഖ്നൗവിൽ ഇതിനകം താരം എത്തിയിട്ടുമുണ്ട്.
ജഡേജയ്ക്കൊപ്പം ജസ്പ്രീത് ബുംറയുടെയും തിരിച്ചുവരവിന് ശ്രീലങ്കൻ പരമ്പര സാക്ഷ്യമാവും. ജഡേജയും ബുംറയും വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വ്യത്യസ്ത കാരണങ്ങളാൽ പുറത്തായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ജനുവരി 26 ന് മുഹമ്മദ് ഷമിക്കും ജഡേജയ്ക്കുമൊപ്പം വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ബുംറയ്ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.