പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ, വിൻഡീസിനെതിരെയുള്ള രണ്ടാം ടി20 ഇന്ന്
ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ രണ്ടാം ടി20 മത്സരം ഇന്നു വൈകിട്ട് ഏഴു മണിക്ക് കൊൽക്കത്തയിൽ ആരംഭിക്കും. ഇന്നത്തെ മത്സരത്തിൽ ജയിച്ച് പരമ്പര ഉറപ്പിക്കാൻ ടീം ഇന്ത്യയിറങ്ങുമ്പോള്‍ ഇന്ത്യയിലെത്തിയിട്ടുള്ള ആദ്യ ജയത്തിനായാണ് കരീബിയൻ പട ഇറങ്ങുന്നത്.
രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ നീലപ്പടയിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഒന്നാം ടി20-യിൽ ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനമാണ് താരങ്ങളെല്ലാം കാഴ്ച്ചവെച്ചത്.
ആയതിനാൽ ഇന്നത്തെ കളിയും ജയിച്ച് മൂന്നാം ടി-20 മത്സരത്തിൽ കൂടുതൽ യുവതാരങ്ങൾക്ക് അവസരം കൊടുക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക.
എന്നിരുന്നാലും കഴിഞ്ഞ കളിയിൽ ദീപക് ചാഹറിനേറ്റ പരിക്ക് ഭേദമായില്ലെങ്കില്‍ ഷര്‍ദ്ദുല്‍ ടാക്കൂറിന് അവസരം ലഭിച്ചേക്കും. മുൻനായകൻ വിരാട് കോലി മോശം ഫോം തുടരുന്നത് ടീമിനെ സംബന്ധിച്ചിടത്തോളം തലവേദനയാണെങ്കിലും താരത്തെ മാറ്റി നിർത്താൻ ദ്രാവിഡും തയാറായേക്കില്ല. അതേസമയം സൂര്യകുമാര്‍ യാദവ് പക്വതയാർന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.
വെങ്കടേഷ് അയ്യര്‍ ആദ്യ മത്സരത്തിൽ തിളങ്ങിയതോടെ ശ്രേയസ് അയ്യര്‍ ഇന്നും ആദ്യ ഇലവനിൽ ഉണ്ടാവാൻ സാധ്യതയില്ല. വിൻഡീസിന്റെ പ്രധാന പ്രശ്നം ബാറ്റിംഗിലെ സ്ഥിരതയില്ലായ്‌മയാണ്. കളിയുടെ ഗതിമാറ്റാൻ ഉതകുന്ന താരങ്ങൾ നിരയിലുണ്ടെങ്കിലും ആർക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കുന്നില്ല. ടോസ് നേടിയാൽ രാത്രിയിലെ മഞ്ഞുവീഴ്ച്ച മൂലം രണ്ടാമത് ബാറ്റ് ചെയ്യാനാകും ഇരുടീമും ശ്രമിക്കുക.