വിൻഡീസിനെതിരായ ടി20 പരമ്പരയിലും ജയത്തോടെ തുടങ്ങി ഇന്ത്യ
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ വിജയിച്ച് ടീം ഇന്ത്യ. വിൻഡീസ് ഉയർത്തിയ 158 റൺസിന്റെ വിജയ ലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിക്കോളസ് പൂരാന്റെയും (43 പന്തിൽ 61 റൺസ്) കൈൽ മയേഴ്‌സിന്റെയും (24 പന്തിൽ 31 റൺസ്) അവസാന ഓവറുകളിലെ കീറോൺ പൊള്ളാർഡിന്റെയും (24) തകർപ്പൻ ബാറ്റിംഗാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 90/5 എന്ന നിലയിലേക്ക് വീണ വിന്‍ഡീസിനെ 157 റൺസിലേക്ക് എത്തിച്ചതും ഇവരുടെ ഇന്നിംഗ്സാണ്.
ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്ണോയ് നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റ്, ദീപക് ചാഹർ ഒരു വിക്കറ്റും നേടി ഇന്ത്യൻ ബോളിംഗിന് കരുത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യയ്ക്ക് രോഹിത് ശർമയും (19 പന്തിൽ 40 റൺസ്) ഇഷാൻ കിഷനും (35) മികച്ച തുടക്കം സമ്മാനിച്ചു. രോഹിത് കസറിയപ്പോള്‍ കരുതലോടെയാണ് ഇഷാന്‍ ബാറ്റു വീശിയത്. ആദ്യ വിക്കറ്റിനു ശേഷം എത്തിയ വിരാട് കോലി 17 റൺസെടുത്താണ് മടങ്ങിയത്.
ഇഷാൻ കിഷൻ ഔട്ടായതിനു ശേഷം എത്തിയ റിഷഭ് പന്തും കോലിയും വേഗം മടങ്ങി. തുടർന്ന് ഇന്ത്യ 115/4 എന്ന നിലയിലേക്ക് വീണെങ്കിലും പിന്നീട് എത്തിയ സൂര്യകുമാർ യാദവ് (34) വെങ്കിടേഷ് അയ്യരിന്റെ (24) കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരിയിൽ മുന്നിലെത്താൻ ആതിഥേയർക്കായി.