വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ജോക്കോവിച്ച്, നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്നും താരം
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് പുരുഷ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. വാക്‌സിൻ എടുക്കാന്‍ ഇനിയും തന്നെ നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തയാറാവുമെന്ന് സെര്‍ബിയന്‍ ടെന്നിസ് താരം പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാതെയും മെഡിക്കല്‍ ഇളവ് നേടാതെയും ഓസ്ട്രേലിയന്‍ ഓപ്പൺ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ലോക ഒന്നാം നമ്പർ താരത്തെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിസ റദ്ദാക്കി നാടുകടത്തിയത് വലിയ വാർത്തയായിരുന്നു.
സംഭവത്തിനു ഒരു മാസത്തിനു ശേഷം വിഷയത്തില്‍ ആദ്യമായി മൗനം വെടിഞ്ഞിരിക്കുകയാണ് നൊവാക് ജോക്കോവിച്ച്. വാക്‌സിൻ നിർബന്ധമാണെങ്കിൽ ഗ്രാന്‍ഡ്‌സ്ലാം ടൂർണമെന്‍റുകളിൽ നിന്ന് വിട്ടുനിൽക്കും എന്നും താരം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ വാക്‌സിന്‍ വിരുദ്ധനൊന്നും അല്ല, പക്ഷേ തന്റെ ശരീരത്തില്‍ എന്ത് ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമല്ല ഇതൊക്കെയെന്നും സെര്‍ബിയന്‍ ടെന്നിസ് താരം പറഞ്ഞു. എന്റെ ശരീരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം എനിക്ക് ഏത് കിരീട നേട്ടത്തേക്കാളും മറ്റെന്തിനേക്കാളും വലുതാണെന്നും ജോക്കോവിച്ച് കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വാക്‌സീനെടുക്കാത്തത് നൊവാക് ജോക്കോവിച്ചിന് കരിയറില്‍ വലിയ തിരിച്ചടി നല്‍കുന്ന വേളയിലാണ് താരം ഇത്തരമൊരു മറുപടിയുമായി രംഗത്തെത്തുന്നത്.