വിൻഡീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് വാഷിംഗ്‌ടൺ സുന്ദറിനെ ഒഴിവാക്കി
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് വാഷിംഗ്‌ടൺ സുന്ദറിനെ ഒഴിവാക്കി. പരിക്കിൽ നിന്നും താരം മുക്തമായെങ്കിലും പൂർണമായും സുഖം പ്രാപിക്കാൻ ഏതാനും ആഴ്ച്ചകൾ കൂടി വേണ്ടിവരുമെന്നതിനാലാണ് ടീമിൽ നിന്നും ഒഴിവാക്കാൻ കാരണമായിരിക്കുന്നത്.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പരയ്ക്ക് ഫെബ്രുവരി 16-ന് കൊൽക്കത്തയിൽ തുടക്കമാവും. ശനിയാഴ്ച്ച നടന്ന ഐപിഎൽ മെഗാ ലേലത്തിൽ 8.75 കോടി രൂപയ്ക്കാണ് വാഷിംഗ്‌ടൺ സുന്ദറിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു.
വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലിനും ഓൾറൗണ്ടർ അക്സർ പട്ടേലിനും ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് പുറത്താകുന്ന മൂന്നാമത്തെ താരമാണ് വാഷിംഗ്‌ടൺ സുന്ദർ.
ഫെബ്രുവരി ഒമ്പതിനു നടന്ന രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ രാഹുലിന് പരിക്കേൽക്കുകയായിരുന്നു. അടുത്തിടെ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച അക്‌സർ പട്ടേലിന് കൂടുതൽ വിശ്രമം അനിവാര്യമായ സാഹചര്യത്തിലാണ് പരമ്പരയിൽ നിന്നും ഒഴിവാക്കിയത്.
ഇന്ത്യയുടെ ടി20 ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹൽ, മൊഹദ്. സിറാജ്, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ദീപക് ഹൂഡ.