10 കോടി മുടക്കി ലോക്കി ഫെർഗൂസണെ ടീമിലെത്തിച്ച് ഗുജറാത്ത്, ഭുവനേശ്വർ കുമാർ ഹൈദരാബാദിൽ തന്നെ
ന്യൂസിലൻഡ് പേസ് ബോളർ താരം ലോക്കി ഫെർഗൂസണെ ടീമിലെത്തിച്ച് ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസ്. 10 കോടി നൽകിയാണ് കിവീസ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്. അവസാന രണ്ട് സീസണിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായാണ് ഫെർഗൂസൺ ജേഴ്സിയണിഞ്ഞത്. താരത്തിന്റെ അടിസ്ഥാന വില 2 കോടി ആയിരുന്നു.
ഇന്ത്യൻ ബോളിംഗ് താരം ഭുവനേശ്വർ കുമാറിനെ ടീമിലെത്തിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. 4.20 കോടി രൂപയ്ക്കാണ് താരത്തെ തിരിച്ചെടുത്തിരിക്കുന്നത്. ഭുവനേശ്വർ കുമാറിനായി രാജസ്ഥാൻ റോയൽസും ലഖ്നൗ സൂപ്പർ ജയിന്റ്സും രംഗത്തുവന്നിരുന്നുവെങ്കിലും വിട്ടുകൊടുക്കേണ്ടന്ന തീരുമാനത്തിലായിരുന്നു ഹൈദരാബാദ്.
അതേസമയം ജോഷ് ഹേസിൽവുഡിനെ 7.75 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയത് താരത്തിന് തുണയായി. പോയ സീസണുകളിലെല്ലാം മികച്ച ബോളർമാരുടെ സാന്നിധ്യം നിഴലിച്ചിരുന്ന ആർസിബി നിരയിൽ ഇത്തവണ വലിയ മാറ്റങ്ങൾക്കാണ് വഴിവെക്കുന്നത്.
ഇംഗ്ലീഷ് ഓൾറൗണ്ടറായ മാർക്ക് വുഡിനെ 7.50 കോടി രൂപയ്ക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയിന്റ്സ്.