15.25 കോടി രൂപയ്ക്ക് ഇഷാന്‍ കിഷൻ മുംബൈയിൽ, കാർത്തിക് ഇനി ആർസിബിയിൽ
15.25 കോടി രൂപയ്ക്ക് ഇഷാന്‍ കിഷനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഇത്തവണ ഇതുവരെ ഐപിഎലില്‍ ഏറ്റവും അധികം വില ലഭിച്ച താരവും ഇതോടെ ഈ യുവതാരമായി. 15 കോടി രൂപ വരെ സൺറൈസേഴ്സ് മുംബൈയുമായി പോരാടിയെങ്കിലും അവസാന നിമിഷം പിൻമാറുകയായിരുന്നു.
മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ദിനേശ് കാർത്തിക്കിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കെകെആറിന്റെ മുൻ വിശ്വസ്‌തനായിരുന്ന കാർത്തിക്കിനായി ലേലത്തിനിറങ്ങാതെ കൊൽക്കത്ത ഏവരേയും ഞെട്ടിച്ചു. 5.5 കോടി രൂപയ്ക്കാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനെ ആര്‍സിബി സ്വന്തമാക്കിയിരിക്കുന്നത്. കാർത്തിക്കിനായി ചെന്നൈയും രംഗത്തെത്തിയിരുന്നു.
വാഷിംഗ്ടൺ സുന്ദറിനെ 8.75 കോടിയ്ക്ക് സ്വന്തമാക്കി സൺറൈസേഴ്‌സും ലേലത്തിന്റെ രണ്ടാം ഘട്ടത്തിൽ തിളങ്ങി. ഇന്ത്യന്‍ ഓള്‍റൗണ്ടറിനെ പഞ്ചാബ് കിങ്സിന്റെയും ഗുജറാത്ത് ടൈറ്റന്‍സിന്റയും ലഖ്നൗവിന്റെയും വെല്ലുവിളി മറികടന്നാണ് ടീമിലെത്തിച്ചത്. 1.50 കോടി രൂപയായിരുന്നു സുന്ദറിന്റെ അടിസ്ഥാന വില.
ബാറ്റ്സ്മാൻ ആയ അമ്പട്ടി റായ്ഡുവിനെ ചെന്നൈ സൂപ്പർ കിങ്‌സ് 6.75 കോടിക്ക് ടീമിൽ തിരിച്ചെടുത്തതും ലേലത്തിൽ ശ്രദ്ധേയമായി. ഡൽഹിയും ഹൈദരാബാദും റായിഡുവിനെ സ്വന്തമാക്കാൻ രംഗത്തെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.